പെയ്ത മഴയും നിറഞ്ഞ കണ്ണും - Akash Krishna

അന്ന് നല്ല മഴയായിരുന്നു, എത്ര നാളുകൾക്ക് ശേഷമാണ് അങ്ങനെ ഒരു മഴ അന്ന് ഞാൻ ആസ്വദിച്ചത്.. അവിടെ ഇത് വല്ലതും ഉണ്ടോ, എങ്ങോട്ടേക്ക് നോക്കിയാലും കൂറ്റൻ ബഹുനില കെട്ടിടങ്ങളും, ചീറിപ്പാഞ്ഞു പോകുന്ന വാഹനങ്ങളും മാത്രമുള്ള ആ നാട്ടിൽ. വല്ലപ്പോഴും ഒരു മഴ പെയ്താൽ പെയ്തു.... ഒക്കെ മടുത്തു, തിരികെ പോകാനേ തോന്നിയില്ല എനിക്ക്.

അങ്ങനെ മഴയും ആസ്വദിച്ചു വീടിന്റെ പൂമുഖത്തിരുന്ന ഞാൻ, അവിടെ നിന്നും വാങ്ങിയ പുതിയ മ്യൂസിക് പ്ലയെറിലേക്ക് ആ നീളൻ വയറു കുത്തി മറ്റേ രണ്ടറ്റം ചെവിയിലേക്കും തിരുകി അങ്ങനെയിരുന്നു. ഓൺ ടൈം, ദാ ഏലക്കയിട്ട നല്ല ചൂട് ചായയുമായി അമ്മായി അപ്പോഴേക്കും എത്തി. പിന്നെ പറയാനുണ്ടോ... ആ ചൂട് ചായയോടൊപ്പം ജോൺസൻ മാഷിന്റെ തന്നെ സംഗീതം മ്യൂസിക് പ്ലയെറിൽ അങ്ങട് പ്ലേ ചെയ്തു..

"അനുരാഗിണി ഇതാദ്യമായി കരളിൽ വിരിഞ്ഞ പൂക്കൾ..."

ആഹാ! എന്താ പറയേണ്ടത്...!! മഴ, ചായ ജോൺസൻ മാഷ്... അതൊരു വല്ലാത്ത ലഹരി തന്നെയാണെന്ന സത്യം അന്ന് എനിക്ക് മനസ്സിലായി.

പക്ഷേ അദ്ദേഹം സംഗീതം കൊണ്ട് എന്നെ മയക്കുന്നതിന് തൊട്ടുമുൻപ്, ഞാൻ നോക്കുമ്പോ ദാ നനഞ്ഞു കുളിച്ച് വരികയാ, മാറ്റാരുമല്ല ഗൗരി. എന്തായാലും അമ്മായിയുടെ കൈയ്യിൽനിന്നും ഇന്ന് അവൾക്ക് നല്ലത് കിട്ടുമെന്നതിൽ യാതൊരുവിധത്തിലും സംശയവും വേണ്ട, ഉറപ്പ്, കിട്ടിയിരിക്കും.

ഞാൻ നാട്ടിലെത്തിയ വിവരം അവൾ അറിഞ്ഞിരുന്നില്ല, പറയണ്ട എന്ന് ഞാൻ തന്നെയാണ് കത്തിൽ എഴുതി അറിയിച്ചിരുന്നത്. പെട്ടന്നൊരു ദിവസം എന്നെ കണ്ടതും ആളാദ്യമൊന്ന് ഞെട്ടി. എവിടെ നിന്നുമാണെന്ന് അറിയില്ല അവളുടെ കൈയ്യിൽ ഒരു കെട്ട് ആമ്പൽ പൂക്കൾ ഉണ്ടായിരുന്നു, എന്നെ കണ്ടപാടേ അതും നിലത്തിട്ട് അവൾ ഓടി വന്ന് ആ നനഞ്ഞ ദേഹത്തോടുകൂടി എന്നെ കെട്ടിപിടിച്ചു. സത്യം പറഞ്ഞാൽ എനിക്കാണേൽ തണുത്തിട്ട് വയ്യ, ശോ ഈ പെണ്ണ്.... എന്റെ മേലാകെ നനഞ്ഞു.

"വിശ്വസിക്കാൻ പറ്റണില്ല വിഷ്ണുവേട്ടാ, ഇതെപ്പം എത്തി..?"

"ദേ കുറച്ച് നേരായി... , നീ കൂട്ടുകാരീടെ വീട്ടിൽ പോയേക്കുവാണെന്ന് പറഞ്ഞു അമ്മാവൻ. എങ്കിൽ പിന്നെ നീ വരുമ്പോൾ ഒരു സർപ്രൈസ് ആയിക്കോട്ടേ എന്ന് ഞാൻ കരുതി."

"എങ്കിലും വരുമെന്ന് ഒരു കത്തെങ്കിലും അയക്കാരുന്നെല്ലോ."

"ഹ ഹ, ഈ വിവരം ഞാൻ നേരത്തെ തന്നെ ഇവിടെ എഴുതിയറിയിച്ചിരുന്നു. പക്ഷേ നിന്നെ അറിയിക്കണ്ട എന്ന് പ്രത്യേകം എഴുതിയിട്ടുണ്ടായിരുന്നു ഞാൻ അതിൽ."

"ദുഷ്ട്ടൻ... ഹും"

ഞങ്ങളുടെ സംസാരം കേട്ട് അപ്പോഴേക്കും ദാ വന്നു, അമ്മായി... ഇന്ന് ഇവിടെ വല്ലതും നടക്കും.

എന്തായാലും ഇത്രെയും നേരം ശാന്തസ്വരൂപീണിയായിരുന്ന അമ്മായി ഇപ്പോൾ ഏതാണ്ട് ദുർഗ്ഗാദേവിയുടെ ഭാവത്തോട് കൂടി നിൽക്കുന്നത് കണ്ടിട്ടാവാം ഗൗരി എന്റെ പുറകിലേക്ക് ഒളിച്ചുനിന്നു.

അമ്മായിയാട്ടെ പുറകിലേക്ക് കൈകെട്ടികൊണ്ട് ഞങ്ങൾ രണ്ടാളുടെയും അടുത്തേക്ക് നടന്നു വന്നു. വല്ല ചട്ടുകവും ആണോ അമ്മായി ഈ ഒളിപ്പിച്ചു പുറകിൽ പിടിച്ചേൽക്കുന്നത് എന്നതിൽ എനിക്ക് സംശയമില്ലാതില്ല. ഞാൻ രഹസ്യമായി ഗൗരിയോട് പറഞ്ഞു "ഗൗരി, ഒന്നും നോക്കേണ്ട... ഓടിക്കോ" പക്ഷേ അപ്പോഴും അവൾ എന്റെ തോളിലേക്ക് മുറുക്കി പിടിച്ചുകൊണ്ട് അവിടെ തന്നെ നിന്നു.

എന്തായാലും അമ്മായി അടുത്തേക്ക് എത്തി അവളെ ഒന്നു നോക്കി... ഇത്രയും മഴ നനഞ്ഞുവന്നിട്ട് അവൾ വിറയ്ക്കുന്നുണ്ടായിരുന്നില്ല, പക്ഷെ അമ്മായിയെ കണ്ടതും അവൾ നിന്ന് വിറയ്ക്കാൻ തുടങ്ങി.
കാര്യം മോൾക്ക് അമ്മയെ നല്ല പേടിയാണെങ്കിലും സത്യത്തിൽ രണ്ടാളും അടയും ചക്കരയും പോലെയാ.

എന്തായാലും അവളെ നോക്കി കണ്ണുരുട്ടി നിന്ന അമ്മായി പെട്ടന്ന് പുറകിൽ ഒളിപ്പിച്ചു പടിച്ചിരുന്ന തോർത്തെടുത്ത് അവളുടെ നേരെ നീട്ടി. "ഇന്നാ നല്ലോണം തല തോർത്ത്‌ പെണ്ണേ.."

ങേ... ഇതെന്ത് പുകില്. ഇവിടെ ഒരു വലിയ ഇടിനാശവും വെള്ളപൊക്കവും ഉണ്ടാകും എന്നാണ് ഞാൻ കരുതിയത്... പക്ഷേ ഇത്... എനിക്കറിയില്ല അത് കണ്ടതും, ആ വീട് കുലുക്കി മറിച്ചുകൊണ്ട് അവളെ നോക്കി ഞാൻ അവിടെനിന്ന് ഒരൊറ്റ ചിരി... 'ഹ...ഹ..ഹാ...'

എന്റെ ചിരി കണ്ടതും അമ്മായിയും അറിയാതെ ഒന്ന് ചിരിച്ചുപോയി.

"വല്ല പനിയും പിടിച്ച് ഇവിടെ കിടന്നാൽ ദേ ഞാൻ നോക്കത്തില്ല കേട്ടോ.. വല്ല ആവിയും പിടിക്കാനാണെന്ന് പറഞ്ഞ് എന്റെ അടുത്തേക്ക് വാ... ബാക്കി ഞാൻ അപ്പോൾ പറയാം.."

"വേണ്ട ആരും നോക്കണ്ട, ഞാൻ നോക്കിക്കോളാം എന്റെ പെണ്ണിനെ.. അല്ലേ, ഗൗരൂട്ടി.. "

ഞാൻ അങ്ങനെയായിരുന്നു അവളെ വിളിച്ചിരുന്നത് 'ഗൗരൂട്ടി', എങ്കിലും ചിലപ്പോഴൊക്കെ ഞാൻ അവളെ കളിയാക്കി 'ഗൗളി' എന്ന് കൂടി വിളിക്കാറുണ്ട്. പക്ഷേ ആൾക്ക് അങ്ങനെ വിളിക്കുന്നത്‌, നല്ല ദേഷ്യമാണ്. ചെറുപ്പത്തിൽ ഒരിക്കൽ ഞാൻ അവളെ അങ്ങനെയൊന്ന് വിളിച്ചതിന്റെ പ്രത്യാഗതാമാണ് എന്റെ നെറ്റിയിൽ ഇപ്പഴും മായാതെ കിടക്കുന്ന ഈ പാട്. തമാശക്ക് ആണ് അവിടെയുണ്ടായിരുന്ന ചിരാത് അവൾ വലിച്ചെറിഞ്ഞതെങ്കിലും.. അപത്തവശാൽ അത് വന്ന് കൊണ്ടതോ എന്റെ നെറ്റിയിലും. സത്യത്തിൽ ഒഴിഞ്ഞുമാറിയതാ ഞാൻ. പക്ഷേ അവൾ എറിഞ്ഞതും ഞാൻ ഒഴിഞ്ഞുമാറിയതും ഒരേ ദിശയിൽ ആയി പോയി.. അല്ലാതെ അവൾ വേണമെന്ന് വെച്ച് ചെയ്തതല്ല എന്നതിൽ നിശ്ചയുണ്ടായിരുന്നു എനിക്ക്. പാവം അവൾക്ക് അത് ഒരുപാട് വിഷമമായി. എന്റെ നെറ്റിയിൽ നിന്നുമാണ് ചോരവരുന്നതെങ്കിൽ പോലും, വേദനമൂലം അന്ന് കരഞ്ഞത് മുഴുവനും അവളായിരുന്നു. ആരോടും ഞാൻ ഒന്നും പറഞ്ഞില്ല, കാരണം അമ്മായിയോ അമ്മാവനോ അറിഞ്ഞാൽ അവൾക്ക് നല്ല അടി കിട്ടുമെന്ന് എനിക്കറിയാം. അതിനാൽ പെട്ടന്ന് എന്റെ ബുദ്ധിയിൽ തോന്നിയതുപോലെ, വീടിന്റെ കട്ടിളയിൽ തറച്ചിരുന്ന ഒരാണിയിൽ കൊണ്ട് മുറിഞ്ഞതാണ് എന്നാണ് ഞാൻ എല്ലാരോടും അന്ന് പറഞ്ഞിരുന്നത്. എന്തായാലും അവൾ ആ ദിവസം ഒന്നും കഴിച്ചിരുന്നില്ല. ഞാനെന്ന് പറഞ്ഞാൽ അവൾക്ക് ജീവനാ.


പിന്നീട്, ഞാൻ ഇവിടുന്ന് പോകുമ്പോ പ്രീഡിഗ്രിക്ക് പഠിക്കുകയായിരുന്നു ഗൗരി. ഇന്ന് ആളൊരുപാട് മാറിട്ടുണ്ടെങ്കിലും പണ്ടത്തെപോലെ തന്നെ ഇപ്പോഴും ഒരു പൊട്ടി പെണ്ണ് തന്നെയാ അവൾ. കഴിഞ്ഞ ഒരിടക്ക് അമേരിക്കയിൽ നടന്ന ഒരു കൾച്ചുറൽ പ്രോഗ്രാമിന്റെ ഭാഗമായി, അവിടുള്ള ഏതോ ഒരു ഇംഗ്ലീഷ്കാരി പെണ്ണ് നല്ല നാടൻ കേരളാ സ്റ്റൈലിൽ ഹാഫ് സാരീ ഉടുത്തുകൊണ്ട് വന്നപ്പോൾ എന്റെ മനസ്സിലേക്ക് ഫ്ലൈറ്റ് ചാർട്ടഡ് ചെയ്ത് പറന്നെത്തിയിരുന്നു എന്റെ ഈ പൊട്ടി പെണ്ണ്. എനിക്ക് ഗൗരിയെ ഇപ്പോഴുള്ളത് പോലെ ഹാഫ് സാരീ ഉടുത്തുകാണാനാണ് ഇഷ്ട്ടം, പക്ഷേ എങ്കിലും, അവൾക്ക് വേണ്ടി അവിടുന്ന് കുറച്ച് ഡ്രെസ്സുകൾ ഞാൻ കൊണ്ടുവന്നിരുന്നു കൂടാതെ നല്ല വിലയുള്ള പെർഫ്യൂമും... ആൾക്ക് അത് ഇഷ്ട്ടമാവുമോ ആവോ, അറിയില്ല..!!

"ഹും.. എനിക്കൊന്നും കൊണ്ടുവന്നില്ലിയോടാ മരുമോനെ" അമ്മാവന്റെ ആ ചോദ്യം കേട്ടപ്പോൾ തന്നെ കാര്യം എനിക്ക് പിടികിട്ടി. "പിന്നെ... അമ്മാവന് ഒന്നും കൊണ്ടുവരാതെ ഇരിക്കുവോ ഈ മരുമോൻ.."

ഞാൻ എന്റെ പെട്ടി തുറന്ന് നല്ല അമേരിക്കൻ സ്കോച്ചെടുത്ത് അമ്മാവന്റെ കയ്യിലേക്ക് കൊടുത്തു

"കാരണവർക്ക് ഇപ്പം സന്തോഷം ആയോ ആവോ? "

"ഉവ്വ് ഉവ്വ്... പക്ഷേ നീ കൂടുതൽ സോപ്പിടണ്ടാട്ടോ, ഞാൻ പറഞ്ഞെല്ലോ, അവളിപ്പം പഠിക്കട്ടെ.. എന്നിട്ട് മതീ കല്യാണം"

അത് പറഞ്ഞപ്പോൾ ഞാൻ അമ്മാവനെ നോക്കി ഒരു കള്ള ചിരി ചിരിച്ചു "അതിന് ആരും ഇവിടെ ഒന്നും പറഞ്ഞില്ലല്ലോ അമ്മാവാ.. അതെ അവള് പഠിച്ച് വല്ല്യ കുട്ടിയാവട്ടെ. അല്ല ഞാൻ ഇപ്പം ഇത് തന്നതാണോ പ്രശ്നം... വേണ്ടങ്കിൽ അമ്മാവൻ അതിങ്ങ് തിരിച്ചു തന്നേര്.. ഞാൻ വേറെ ആർക്കേലും കൊടുത്തോളാം."

"പോടാ അവിടുന്ന്, നീ വാ നമുക്ക് ഒരണ്ണം അകത്താക്കാം"

"എന്റെ ഭഗവാനെ... അമ്മായിയെ ദേ കേട്ടോ, ഒരമ്മാവന്റെ വായിന്ന് വരണ്ട വർത്തമാനം ആണോ ഇത്..?"

"ഉവ്വ്, ഈ ചെറുക്കനെക്കൂടി വഷളാക്കും ഇങ്ങേര്"

"പോടീ, ഞാൻ എന്റെ ചെക്കനെ ഒന്ന് പരീക്ഷിച്ചതല്ലിയോ. എന്റെ ഭാവി മരുമകന് ഈ ശീലം വല്ലതും ഉണ്ടോ എന്ന് ഞാൻ ഒന്ന് അറിഞ്ഞിരിക്കണ്ടേ.. അല്ലേടാ"

"ഓ... ഈ അമ്മാവൻ."

അപ്പോഴേക്കും തലയൊക്കെ തോർത്തി, ഞാൻ കൊണ്ടുവന്ന പുതിയ ഡ്രെസ്സുമിട്ട് ഗൗരി പുറത്തേക്ക് വന്ന് എന്നോടൊപ്പം ഇരുന്നു.. ആ സമയം കിഴക്കും നിന്നും വീശിയ ആ ഇളം കാറ്റ് ഈറൻതോർന്ന അവളുടെ മുടിയെ തഴുകിയപ്പോൾ, ഏതെക്കെയോ ഔഷധക്കൂട്ടുകൾ ചേർത്ത് കാച്ചിയ എണ്ണയുടെ ആ രൂക്ഷമായ ഗന്ധം എന്റെ മുക്കിലേക്ക് തുളച്ചു കയറി.

"ഓഹോ അപ്പോൾ, ഇതാണല്ലേ നിന്റെ മുടിയുടെ രഹസ്യം .."

"എന്ത്?" എന്റെ കണ്ണിലേക്ക് നോക്കി അവൾ ചോദിച്ചു.. "

"നീ തലയിൽ തേച്ചു പിടിപ്പിച്ചിരിക്കുന്ന ഈ എണ്ണ."

"ഏയ്‌, അത് കഴിഞ്ഞതവണ ഗുരുവായൂർക്ക് പോയപ്പോ മുത്തശ്ശി തന്നതാ എനിക്ക്. അല്ലേലും മുടിയൊക്കെ ഞങ്ങൾക്ക് പാരമ്പര്യല്ലെ. പക്ഷേ അമ്മേക്കാളും മുടി എനിക്ക് തന്നെയാ... "

"പോടീ, ചെറുപ്പത്തിൽ നിന്നെക്കാളും മുടിയുണ്ടായിരുന്നു ഈ എനിക്ക്.. ഹും."

"ഹോ തുടങ്ങി അമ്മേം മോളും.. മതി മതി." അമ്മാവൻ രണ്ടുപേരെയും വഴക്കുപറഞ്ഞു..

ഇവിടെ നിൽകുമ്പോൾ, എന്തോ മനസ്സിന് വല്ലാത്ത സന്തോഷംതന്നെയാണ്. ഗൗരി കൂടെയുണ്ടെങ്കിൽ പിന്നെ സമയം പോകുന്നതേ അറിയില്ല. ചെറുപ്പം മുതൽക്കേ അങ്ങനെയാ, ഒരു വായാടി. ഞങ്ങളുടെ വിവാഹം കഴിഞ്ഞാൽ ഞാൻ ഇനിയും പോകില്ല തിരികെ അങ്ങോട്ടേക്ക്. പക്ഷേ പോകാതിരുന്നാലോ കമ്പനി ആര് നോക്കും. വേണ്ടാ അത് ശെരിയാവില്ല, മാധവ് സാർ എപ്പോഴും പറയും 'നീ വന്നതിൽ പിന്നെയാ കമ്പനി ഇത്രയും വളർന്നത് എന്ന്' അപ്പോൾ പിന്നെ ഞാനങ്ങനെ ചെയ്യുന്നത് സാറിനോട് ചെയ്യുന്ന ഏറ്റവും വലിയ തെറ്റല്ലേ.

എന്തായാലും ഗുരുവായൂർ വെച്ച് വേണം എന്റെയും ഗൗരിയുടെയും വിവാഹം. അവളുടെ ഏറ്റവും വലിയ ആഗ്രഹം ആണത്.

അവളുടെ പഠിത്തം കഴിയാൻ ഇനിയും ഒന്നര വർഷം കൂടിയുണ്ട്. അതിനുമുൻപ് വീടിന്റെ പണിയെല്ലാം പൂർത്തിയാക്കണം. വലിയവീടൊന്നും വേണ്ട ഒരു കൊച്ചു വീട്. ഞങ്ങൾക്ക് മാത്രം താമസിക്കാനായി ഒരു കൊച്ചു വീട്. അമ്മായി എപ്പോഴും ചോദിക്കും "എടാ വിവാഹം കഴിഞ്ഞാൽ അവളെയും കൊണ്ടുപോകുമോ നീ അമേരിക്കയിലേക്ക്" എന്ന്, ഉവ്വ് തീർച്ചയായും കൊണ്ടുപോകും. പക്ഷേ അവൾക്ക് അങ്ങോട്ടേക്ക് വരുന്നതിൽ താല്പര്യം ഇല്ല, അതിനു തക്കതായ കാരണവും ഉണ്ട്, മറ്റൊന്നുമല്ല "വിമാനത്തിൽ കയറാൻ പേടിയാണ് പോലും" ഞാൻ പറഞ്ഞില്ലേ അവളൊരു പൊട്ടിപെണ്ണാണെന്ന്. കഴിഞ്ഞ തവണ ഇവിടെ അടുത്ത് എന്തോ ഫെസ്റ്റ് വന്നപ്പോൾ, ആള് അവിടെ ജയന്റ് വീലിൽ കയറി. ഹോ, അന്ന് അവള് വിളിക്കാൻ ഇനിയും ദൈവങ്ങൾ ബാക്കി ഇല്ല എന്നാണ് കേട്ടത്.... പാവം! സത്യത്തിൽ ഗൗരിയായിരുന്നു ആ വീടിന്റെ വിളക്ക്. അവളില്ലങ്കിൽ ആ വീട്ടിലൊരു അനക്കവുമില്ല.

ഞാൻ തിരികെ പോയാൽ ഇനിയും ഏതാണ്ട് രണ്ട് വർഷം കഴിഞ്ഞേ ഈ നാട്ടിൽ കാലുകുത്തുകയൊള്ളു. അപ്പോഴേക്കും പുതിയ വീടിന്റെ പണിയും കഴിഞ്ഞിട്ടുണ്ടാകും, അവളുടെ പഠിപ്പും കഴിഞ്ഞിട്ടുണ്ടാക്കും.

അന്ന് ഞാൻ അമേരിക്കയിലേക്ക് തിരികെ പോകുന്നതിന് മുൻപ് ആളെന്നെ കെട്ടിപിടിച്ച് നല്ല കരച്ചിലായിരുന്നു. അന്ന് ഞാൻ അവൾക്ക് ഒരു വാക്ക് കൊടുത്തു "എന്നും ഉണ്ടാകും നിന്റെ കൂടെ ഈ വിഷ്ണുവേട്ടൻ, ഇനിയും എന്റെ അടുത്തവരവ് നമ്മുടെ വിവാഹത്തിനുവേണ്ടിയാവും, ഉറപ്പ്. അതുവരെ ദേ എന്റെ ഈ മനസ്സിൽ തന്നെ ഞാൻ കാത്ത് സൂക്ഷിക്കും എന്റെ ഈ പെണ്ണിനെ.. പോയിട്ടുവരട്ടെ എങ്കി..!!"

***
പക്ഷേ അന്ന് എനിക്കറിയില്ലായിരുന്നു, അവൾക്ക് കൊടുത്ത ആ വാക്ക്, അത് ഒരിക്കലും എന്നെ കൊണ്ട് നിറവേറ്റാൻ സാധിക്കില്ലല്ലോ എന്നത്.

ഇനിയും ഞാൻ നാട്ടിലേക്ക് തിരിച്ചു വരുമ്പോൾ നമ്മുടെ വിവാഹം ആയിരിക്കുമെന്നാണ് ഞാൻ അന്ന് അവളോട്‌ പറഞ്ഞിരുന്നത്. പക്ഷേ, അതിനുമുൻപേ എങ്ങനെ ഒരു വരവ് വരേണ്ടിവരുമെന്ന് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.. ഒരിക്കലും.

അന്നത്തേതുപോലെ ഇന്നും നല്ല മഴയാണ്, കാർ പുറത്ത് നിർത്തി ഞാൻ വീടിന്റെ പടിവാതിൽ കടന്നു... എന്നെ കണ്ടതും, അമ്മായി, "ഗൗരി മോളെ..... ദേ നിന്റെ വിഷ്ണുവേട്ടൻ എത്തിട്ടോ…" അത് കേട്ടതും എന്റെ നെഞ്ച് തകർന്നുപോയി. നിറഞ്ഞ കണ്ണുകളോടല്ലാതെ എനിക്ക് അമ്മായി നോക്കാൻ സാധിച്ചില്ല..

ഇന്ന് ഞാൻ അവളുടെ അടുത്ത് നിൽകുമ്പോൾ, അവൾ തലയിൽ തേക്കാറുള്ള ആ ഔഷധക്കൂട്ടിട്ട് കാച്ചിയ എണ്ണയുടെ ഗന്ധമോ, അന്ന് ഞാൻ അവൾക്ക് കൊടുത്ത ആ പെർഫ്യൂംമിന്റെ സുഗന്ധമോ ഒന്നും തന്നെ എനിക്ക് അനുഭവപ്പെട്ടില്ല. കാരണം ആ മുറി മുഴുവനും അവളുടെ മുൻപിൽ അവസാനമായി കത്തിയെരിയുന്ന ആ ചന്ദനതിരിയുടെ ഗന്ധം മാത്രമായിരുന്നു അവശേഷിച്ചിരുന്നത്....!! അധികം നേരം എനിക്കവിടെ നിൽക്കാൻ സാധിച്ചില്ല. പുറത്തേക്ക് ഓടിയിറങ്ങിയ ഞാൻ, പുറത്ത് അവൾക്ക് വേണ്ടി ഒരുക്കുന്ന പുൽമെത്തയിലേക്കും നോക്കി ആ കോരി ചൊരിയുന്ന മഴയത്ത് അങ്ങനെ തന്നെ നിന്നു... എന്റെ മുഖത്തുകൂടി ഒഴുകി താഴേക്ക് പതിക്കുന്ന ഓരോ മഴത്തുള്ളിയിലും എന്റെ കണ്ണീരിന്റെ അംശംവുംകൂടി കലർന്നിയിട്ടുണ്ടായിരുന്നു. ഒരുപക്ഷേ അവളുടെ അസുഖത്തിനുള്ള മരുന്ന് ഈ ലോകത്തിന്റെ ഏതെങ്കിലും ഒരുകോണിൽ ആരെങ്കിലും കണ്ടുപിടിച്ചിട്ടുണ്ടായിരുന്നെങ്കിൽ, എന്ത് വിലകൊടുത്തിട്ടായാലും ഞാൻ എന്റെ ഗൗരിയെ രക്ഷപ്പെടുത്തിയേനെ. മാത്രമല്ല, അവളുടെ അസുഖം ഡോക്ടർമാർ തിരിച്ചറിഞ്ഞപ്പോഴേക്കും ഒരുപാട് വൈകിയിരുന്നു.
എന്തൊക്കെയായാലും, ഇന്ന് അവൾ എന്നോടൊപ്പം ഇല്ല എന്ന സത്യം എനിക്കിപ്പഴും ഉൾക്കൊള്ളാൻ കഴിയുന്നില്ല. ഒരുപക്ഷേ അവൾ ഇവിടം വിട്ടുപോയിട്ടുണ്ടാവില്ലെങ്കിലോ?, എന്നെ ഓർത്ത് അവളും പൊട്ടികരയുന്നുണ്ടെങ്കിലോ?... എന്തോ എന്റെ മനസ്സ് പറയുന്നു എന്റെ ഗൗരി ഇപ്പഴും ഇവിടെത്തന്നെയുണ്ട്… അങ്ങനെയൊന്നും എന്നെ തനിച്ചാക്കി പോകാൻ അവൾക്കാവില്ല….!! ♡♡♡

نموذج الاتصال